കോട്ടയം പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടി (56) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പള്ളം ബുക്കാന ഭാഗത്ത് വീട്ടുമുറ്റത്ത് നിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം.
വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയും ഈ സമയം വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുകയായിരുന്ന ഇവർക്കിടയിലേയ്ക്ക് വന്നു വീഴുകയായിരുന്നു. സ്മിതയും ഷേർളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.