മണിപ്പൂർ കലാപം: കേന്ദ്രസർക്കാരിനെതിരെ ‘ഇന്ത്യ’യുടെ അവിശ്വാസം.

0
56

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ലോക്സഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 10 ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതൃയോഗം ചേരും.

ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കരട് പരിഗണിച്ച ശേഷമായിരിക്കും നോട്ടീസ് തയ്യാറാക്കുക. ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നോട്ടീസിന് 50 അംഗങ്ങളുടെ എങ്കിലും പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസത്തിന് അവതരണാനുമതി ലഭിക്കൂ. നിയമസഭയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ യോഗം നടത്തും. മുതിർന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തും. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ ആവര്‍ത്തിച്ചു. മണിപ്പുര്‍ പ്രശ്നമുയര്‍ത്തിയുള്ള പ്രതിപക്ഷപ്രതിഷേധത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. അതേസമയം, സസ്പെൻഷനിലായ എഎപി എംപി സഞ്ജയ് സിംഗ് പാർലമെന്റ് വളപ്പിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here