കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാനം നേടിയ വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ ചെമ്മരത്തുമുക്ക് കേശവപുരം ആശുപത്രിക്കുസമീപം ആർജി ഭവനിൽ രാജീവി (38)നെയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി സമ്മാനം നേടിയ അന്നുമുതൽ യുവാവിനെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തിയത്. രാജഗോപാലൻ നായരുടെയും ഇന്ദിരയുടെയും മകനാണ് മരണപ്പെട്ട രാജീവ്.
രാജീവ് സ്ഥിരമായി ലോട്ടറിയെടുക്കുന്ന വ്യക്തിയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു ദിവസം മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് രാജീവിന് ചെറിയൊരു തുക സമ്മാനമായി ലഭിച്ചിരുന്നു. ലോട്ടറി ടിക്കറ്റ് കടയിൽ കൊടുത്ത് മാറ്റിയെടുത്ത ശേഷം രാജീവിനെ പിന്നെ കാണാതാകുകയായിരുന്നു. മറ്റെവിടെങ്കിലും ജോലിക്കോ മറ്റോ പോയതായിരിക്കുമെന്നാണ് പരിചയമുള്ളരും കരുതിയത്.
രാജീവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അതുകൊണ്ടുതന്നെ രാജീവിൻ്റെ തിരോധാനം അദ്ദേഹത്തെ പരിചയമുള്ളവരല്ലാതെ മറ്റാരും ശ്രദ്ധിച്ചിരുന്നില്ല. രാജീവ് മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്നു. നാട്ടിലെത്തിയ ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസമായി രാജീവിനെ കുറിച്ച് അറിവൊന്നും ലഭിക്കാത്തതിനാൽ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ രാജീവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. കിണറിൻ്റെ കെെവരിയിൽ ഇരിക്കുന്ന സമയത്ത് കിണറിനുള്ളിലേക്ക് വീണതാകാമെന്നും പൊലീസ് കരുതുന്നു. അസതേസമയം മരണത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ രാജീവിന് ലോട്ടറി സമ്മാനം അടിക്കുന്നത് ആദ്യമായിട്ടല്ല. സ്ഥിരമായി ലോട്ടറിയെടുക്കുന്ന രാജീവിന് മുൻപ് 10 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാജീവിൻ്റെ മരണവും ലോട്ടറി സമ്മാനവുമായി ബനധമില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക പരിശോധനയിൽ മരണത്തിൽ ദൂരൂഹതയില്ലെന്നാണ് വ്യക്തമാകുന്നതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.