മസ്കത്ത്: എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ കനത്ത തോല്‍വിയുമായി ഒമാൻ മടങ്ങി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക 217 റണ്‍സിനാണ് ഒമാനെ തകര്‍ത്തത്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 17.1 ഓവറില്‍ 42 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ രണ്ട് കളിയിലും തോറ്റ ഒമാൻ ടൂര്‍ണമെന്‍റില്‍നിന്ന് നേരത്തെതന്നെ പുറത്തായിരുന്നു.
ശ്രീലങ്കയുടെ ബൗളിങ് മികവിനുമുന്നില്‍ പ്രജാപതി (18), സൂരജ്കുമാര്‍ (10) എന്നിവര്‍ മാത്രമാണ് ഒമാൻ നിരയില്‍ താരതമ്യേന പിടിച്ചുനിന്നത്. പസിന്ദു സൂര്യബന്ധറ (75 പന്തില്‍ 60 റണ്‍സ്) ആണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഒമാനുവേണ്ടി ക്യാപ്റ്റന്‍ ആഖിബ് ഇല്യാസ് നാലും അയാന്‍ ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശ്രീലങ്കക്കുവേണ്ടി ചാമിക്യ കരുണാരത്‌ന മൂന്നും ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലഹിരു സമരക്കോണ്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും സ്വന്തമാക്കി. എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ‘എ’ ടീമുകളാണ് മാറ്റുരക്കുന്നത്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരുന്നു ഒമാൻ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തിരുന്നത്.