മണിപ്പൂരിൽ കുക്കി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം രാജ്യത്തിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മണിപ്പൂരിൽ സംഘർഷം ആരംഭിച്ചതിന് പിറ്റേ ദിവസമാണ് കാങ്കോപിയിൽ ഈ കൊടുംക്രൂരത നടന്നത്. ബി ഫൈനോം ഗ്രാമത്തിലെ രണ്ട് യുവതികളുടെ വീടുകൾ തീയിട്ടതിന് ശേഷം ആൾക്കൂട്ടം ഇവരെ നഗ്നരാക്കി നത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. മെയ് നാലിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധമാണ് ഉടലെടുക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറും വിഷയത്തെ അപലപിച്ചു. കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്ന് അക്ഷയ് കുമാർ ആവശ്യപ്പെട്ടു.
‘മണിപ്പൂരിലെ സ്ത്രീകൾക്കെതിരെയുള്ള വീഡിയോ അരോചകവും ഭയപ്പെടുത്തുന്നതുമാണ്. ഇത് പോലൊരു കുറ്റം ചെയ്യാൻ ആരും തയ്യാറാവാത്ത തരത്തിലുള്ള കഠിനമായ ശിക്ഷ പ്രതികൾക്ക് ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ അക്ഷയ് കുമാർ പറഞ്ഞു. നിരവധി സിനിമാ താരങ്ങൾ വിഷയത്തിൽ പ്രതികരിച്ച് എത്തിയിട്ടുണ്ട്.
അതേസമയം മനുഷ്യത്വത്തിനെതിരെയുള്ള ആക്രമണമാണിതെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് പ്രതികരിച്ചത്. കുക്കി സ്ത്രീകൾക്കെതിരെയുള്ള ആക്രമണം അപലനീയവും മനുഷ്യത്വ രഹിതവുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞു.