മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ കമ്ബാര്‍ട്ട്‌മെന്റുമായി റെയില്‍വേ.

0
69

മുംബൈ: തിരക്കേറിയ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കമ്ബാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ.

റിസര്‍വ് ചെയ്ത ലേഡീസ് കോച്ചുകളെപ്പോലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കമ്ബാര്‍ട്ട്‌മെന്റുകള്‍ ഒരുക്കാനാണ് പദ്ധതി.

2022-ല്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി, ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകമായി ഒരു കമ്ബാര്‍ട്ട്‌മെന്റ് നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
കണക്കുകള്‍ അനുസരിച്ച്‌, മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളില്‍ പ്രതിദിനം ഏകദേശം 50,000 പ്രായമായ യാത്രക്കാര്‍ യാത്ര ചെയ്യുന്നുണ്ട്.

പലര്‍ക്കും ഇരിക്കാന്‍ പോലും കഴിയാറില്ല. കാരണം സെക്കന്‍ഡ് ക്ലാസിലെ മുതിര്‍ന്നവര്‍ക്കായി നീക്കിവച്ചിരിക്കുന്നത് പരിമിതമായ 14 സീറ്റുകള്‍ മാത്രമാണ്.അടുത്തിടെ, മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു കമ്ബാര്‍ട്ടുമെന്റിന്റെ ആവശ്യകതയും അതിന്റെ റിസര്‍വേഷനും സംബന്ധിച്ച്‌ റെയില്‍വേ ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ലഗേജ് കമ്ബാര്‍ട്‌മെന്റ് കുറച്ച്‌ മുതിര്‍ന്ന പൗരന്മാര്‍ക്കായി നല്‍കാനുള്ള നിര്‍ദേശവും പരിഗണയിലാണ്. കാരണം കമ്ബാര്‍ട്ടുമെന്റുകളിലെ 90 ശതമാനത്തോളം യാത്രക്കാരും പൊതുവിഭാഗത്തില്‍ പെട്ടവരാണ്. ചരക്ക് കൊണ്ടുപോകുന്നവര്‍ ബാക്കിയുള്ള 10 ശതമാനം മാത്രമാണെന്നും നേരത്തെ നടത്തിയ ഒരു സര്‍വേയില്‍ വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍, നാല് ലഗ്ഗേജ് കമ്ബാര്‍ട്‌മെന്റുകളില്‍ ഒന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി മാറ്റിവെക്കുന്നത് പരിഗണനയിലാണ്.ട്രെയിനിന്റെ 71 ശതമാനവും ഉള്‍ക്കൊള്ളുന്ന ജനറല്‍ ക്ലാസ് കമ്ബാര്‍ട്ടുമെന്റുകളില്‍ 90 ശതമാനം യാത്രക്കാര്‍ ഉണ്ടെന്നും ലഗേജ് കമ്ബാര്‍ട്ടുമെന്റുകള്‍ യാത്രക്കാരുടെ ലോഡിന്റെ 0.32 ശതമാനം മാത്രമാണ് വഹിക്കുന്നതെന്നും സര്‍വേ പറയുന്നു.

ഈ ഡാറ്റ കണക്കിലെടുത്ത്, ജനറല്‍ ക്ലാസ് കമ്ബാര്‍ട്ടുമെന്റുകളില്‍ ഇതിനകം തന്നെ തിങ്ങിനിറഞ്ഞതിനാല്‍, ലഗ്ഗേജ് കമ്ബാര്‍ട്ട്‌മെന്റ് മാത്രമാണ് ശേഷിക്കുന്നത്. ഉപയോഗശൂന്യമായ ലഗേജ് കമ്ബാര്‍ട്ട്‌മെന്റ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുകയാണെങ്കില്‍ യാത്രാവേളയില്‍ അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞേക്കും. പ്രായമായ യാത്രക്കാര്‍ക്ക് ലോക്കല്‍ ട്രെയിനുകളില്‍ കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുകയാണ് ഈ നിര്‍ദ്ദേശം ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here