ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ ജനങ്ങൾ കാത്തുനിന്നപ്പോൾ ജനസാഗരമായി എംസി റോഡ്. പുലർച്ചെ 5.30 തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം പതിനായിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്കു കാണാന്‍ കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാവിലെ ഏഴരയോടെ ചിങ്ങവനത്തേക്ക് എത്തുന്നു. വിലാപയാത്ര കടന്നുവന്ന വഴികളിലെല്ലാം വന്‍ ജനക്കൂട്ടമാണ് തങ്ങളുടെ പ്രിയനേതാവിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്.
വഴിയോരങ്ങളില്‍ കാത്തുനിന്ന ജനങ്ങള്‍ തങ്ങളുടെ നേതാവിനായി ഒരിക്കല്‍കൂടി തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കി. സങ്കടം ഉള്ളിലൊതുക്കാനാകാതെ നിരവധിപേര്‍ പൊട്ടിക്കരഞ്ഞു. 14 മണിക്കൂര്‍ പിന്നിട്ട യാത്ര ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി തിരുനക്കര ലക്ഷ്യമാക്കി തുടരുകയാണ്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്നു രാവിലെ ഏഴേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. വഴിയോരങ്ങളില്‍ ജനലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്നതിനാല്‍ തന്നെ ഏകദേശം എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പ്രത്യേകം തയാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് വിലാപയാത്ര. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും ബസ്സിലുണ്ട്.
വിലാപയാത്ര വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ കാണാനെത്തിയ വന്‍ ജനാവലി ഇതിന് തടസമായി. ജനസാഗരത്തിന് നടുവിലൂടെയുളള വിലാപയാത്ര അര്‍ധരാത്രിയോടെ തിരുനക്കര എത്തുമെന്നാണ് പ്രതീക്ഷിക്കിക്കുന്നത്. തുടര്‍ന്ന് നാളെ രാവിലെ മൃതദേഹം പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ നാളെ 3.30നാണ് സംസ്‌കാരം ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ച് കോട്ടയത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് കോട്ടയം കളക്ടര്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ നാളെ പുതുപ്പള്ളിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നാളെ രാവിലെ മുതല്‍ പൊലീസ് ഗതാഗത ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനായും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.