രാജ്യത്തുടനീളമുള്ള 330 ലോക്‌സഭാ മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിക്കുമെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. വിലക്കയറ്റം പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് 50 ശതമാനത്തിലധികം വോട്ട് വിഹിതം നേടാൻ കഴിയുമോ എന്ന ചോദ്യത്തിന്, കോവിഡ് പാൻഡെമിക് പോലുള്ള പ്രതിസന്ധികൾക്ക് ഇടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുവെന്ന് പളനിസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകത്തിലെ നിരവധി സമ്പദ്‌വ്യവസ്ഥകൾ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. എന്നാൽ, ഈ വെല്ലുവിളികളെ എൻഡിഎ നന്നായി നേരിട്ടതിനാൽ ഇന്ത്യയിൽ അതുണ്ടായില്ല. മോദിയുടെ നേതൃത്വത്തിൽ ലോകമെമ്പാടും രാജ്യത്തിന്റെ പ്രശസ്‌തി വളർന്നു.
യുവാക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് എൻഡിഎ നേതൃത്വത്തിലുള്ള കേന്ദ്രം പ്രവർത്തിച്ചതെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം 330 ലോക്‌സഭാ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ആകെ 543 സീറ്റുകളാണുള്ളത്.
പൊതു തിരഞ്ഞെടുപ്പ് വരെ ബിജെപിയുടെ പങ്കാളികൾ സഖ്യത്തിൽ ഉറച്ചുനിൽക്കുമോ എന്ന ചോദ്യത്തിനോട് അതിന് പ്രസക്തിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “വലിപ്പ ചെറുപ്പം കണ്ണകിലെടുക്കാതെ, എല്ലാ സംഘടനകൾക്കും എൻഡിഎ അർഹമായ ബഹുമാനം നൽകുന്നു, അത് ജൂലൈ 18ലെ യോഗത്തിൽ പ്രതിഫലിക്കുകയും ഏകകണ്ഠമായ വീക്ഷണങ്ങൾ അടിസ്ഥാനമാക്കിയാണ് സഖ്യം പ്രവർത്തിക്കുകയും ചെയ്‌തത്.” അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം എൻഡിഎയുടെ പ്രധാന ശക്തി തന്റെ പാർട്ടിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എഐഎഡിഎംകെ പ്രധാന പ്രതിപക്ഷ പാർട്ടിയാണെന്നും 1.72 കോടി അംഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്ഥാപകൻ എംജി രാമചന്ദ്രന്റെയും, ജയലളിതയുടെ കാലത്തും എഐഎഡിഎംകെ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കുകയും തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.