പൊന്‍മുടിയുടെയും മകന്റെയും വസതികളില്‍ ഇഡി റെയ്ഡ്;

0
61

തമിഴ്നാട് മന്ത്രി കെ പൊന്‍മുടിയുടെയും മകന്റെയും വസതികളിലും മറ്റ് സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച റെയ്ഡ് നടത്തി. റെയ്ഡില്‍, തെറ്റായ രേഖകളും, 81.7 ലക്ഷം രൂപയും ഏകദേശം 13 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സിയും പിടിച്ചെടുത്തതായി അന്വേഷണ ഏജന്‍സി അറിയിച്ചു. 41.9 കോടി രൂപയുടെ എഫ്ഡിയും മരവിപ്പിച്ചു.

2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് പൊന്‍മുടിയുടെയും ലോക്സഭാ എംപിയും അദ്ദേഹത്തിന്റെ മകനുമായ ഗൗതം സിഗമണിയുമായും ബന്ധപ്പെട്ട ഏഴു സ്ഥലങ്ങളില്‍ ഇഡി തിരച്ചില്‍ നടത്തിയത്.

ഡിഎംകെ നേതാവും തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കെ പൊന്‍മുടി, മകനും ബന്ധുക്കള്‍ക്കും ചില ബിനാമികള്‍ക്കുമായി അനധികൃതമായി ചെമ്മണ്ണ് ഖനന ലൈസന്‍സ് നല്‍കിയെന്നും ഇതില്‍ നിന്ന് വന്‍തുക ഹവാല പണം കൈപ്പറ്റിയെന്നും ഈ പണം വിദേശത്ത് കമ്പനികള്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

2007നും 2011-നും ഇടയില്‍ ഖനി, ധാതു വിഭവ വകുപ്പ് മന്ത്രിയായിരിക്കെ, പൊന്‍മുടി തന്റെ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് 2012-ല്‍ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) എടുത്ത അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അനധികൃത ഖനനത്തില്‍ നിന്ന് ലഭിച്ച പണം ബിനാമി അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ഒന്നിലധികം ഇടപാടുകളിലൂടെയും അക്കൗണ്ടുകളിലൂടെയും അത് മാറ്റുകയും ചെയ്‌തെന്നും ഇഡി അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here