പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യയെ തേടി പുരസ്കാരം എത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തന്റെ സന്തോഷം ആരാധകരുടെ നടിപ്പിൻ നായകൻ പങ്കുവെച്ചിരിക്കുന്നത്.
സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്ന് സൂര്യ എഴുതി. മഹാമാരിക്കാലത്ത് ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളേവരും ആഹ്ലാദിച്ചിരുന്നു. ആ സന്തോഷം ദേശീയപുരസ്കാര ലബ്ധിയിലൂടെ ഇരട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ഗോപിനാഥന്റെ കഥ സിനിമയാക്കുന്നതിൽ സുധ കൊങ്കര ചെയ്ത കഠിനാധ്വാനത്തിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം കുറിച്ചു.