സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. യുവ തരാം സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ ഈ കഴിഞ്ഞ ഓണത്തിനാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിനന്ദനം ചൊരിഞ്ഞ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി ഓണം വിന്നറായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആദ്യ പത്ത് ദിവസം കൊണ്ട് പത്തൊൻപതാം നൂറ്റാണ്ട് നേടിയ ആഗോള കളക്ഷൻ ഇരുപത്തിമൂന്ന് കോടി രൂപക്ക് മുകളിലാണെന്ന വിവരമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒഫീഷ്യലായി പുറത്ത് വിട്ടത്. ചിത്രത്തിലെ നായകനായ സിജു വിത്സന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ഒരു താരമെന്ന നിലയിൽ മാത്രമല്ല, ഒരു നടനെന്ന നിലയിലും വലിയ നേട്ടമാണ് ഈ ചിത്രം സിജു വിത്സണ് സമ്മാനിച്ചത്.