ഉത്തരാഖണ്ഡിൽ പലയിടത്തും കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി റോഡുകൾ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടിൽ നിന്ന് കനത്ത തോതിൽ വെള്ളം തുറന്നുവിട്ടു. ഇതേ തുടർന്ന് ഗംഗാ നദി ദേവപ്രയാഗിലും ഹരിദ്വാറിലും അപകടനില മറികടന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ “കനത്തതോ അതിശക്തമായതോ ആയ” മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. അതേസമയം, ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് ചെറിയതോതിൽ കുറവുണ്ട്. ഇതേതുടർന്ന് ഭൈറോൺ മാർഗ് ഉൾപ്പെടെയുള്ള റോഡുകൾ വാഹന ഗതാഗതത്തിനായി തുറന്നു.
തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ 13 ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡെറാഡൂൺ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഉത്തരാഖണ്ഡിൽ പലയിടത്തും മഴ പെയ്തതിനെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ഇതേതുടർന്ന് ബദരീനാഥ് ദേശീയ പാത ഉൾപ്പെടെയുള്ള നിരവധി റോഡുകൾ തടസ്സപ്പെട്ടു.
ചമോലി ജില്ലയിലെ ജോഷിമഠിലെ നിതി ഘാട്ടിയിൽ ഗിർഥി ഗംഗ നദിയിലേക്ക് മാലിന്യങ്ങളും അധിക വെള്ളവും ഒഴുകിയെത്തുന്നുണ്ട്. ഇതേതുടർന്ന് ജോഷിമഠ്-മലരി റോഡിലെ പാലത്തിന്റെ അബട്ട്‌മെന്റും തകർന്നു. കൂടാതെ, പിത്തോരഗഡ് ജില്ലയിലെ ധാർചുലയിലെ കാളി നദിയിലെ ജലനിരപ്പ് 889 മീറ്റർ ഉയർന്ന് മുന്നറിയിപ്പ് മറികടന്നു. അതേസമയം ഗംഗ ഉൾപ്പെടെയുള്ള മറ്റ് നിരവധി നദികൾ അപകടരേഖയ്ക്ക് അടുത്തതായി ഒഴുകുന്നുണ്ടെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു .