കോഴിക്കോട്: രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും അതിന്റെ ഗുണം നോക്കാതെ എതിർക്കുക എന്ന സ്ഥിരം കലാപരിപാടി നടത്തുന്ന ആളുകളാണ് അഗ്നിപഥ് സമരത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിന് പിന്നിൽ മോദി സർക്കാരിനെതിരായി പ്രചാരണം നടത്തുന്ന ഇടത് ജിഹാദി അർബൻ നക്സൽ കൂട്ടുകെട്ടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കൾക്ക് ഗുണകരമായതാണ്. നിലവിലെ റിക്രൂട്ട്മെന്റ് രീതികളിൽ വെള്ളം ചേർക്കാനില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടും അവസരം ഉപയോഗിക്കുന്നതിന് പകരം തെറ്റായ സന്ദേശം നൽകി യുവാക്കളെ സമരത്തിനിറക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കലാപത്തിന് വഴി വെച്ച് സർക്കാരിന് നേരെ തിരിക്കുന്ന സ്ഥിരം സംഘമുണ്ട്.
സമാധാനപരമായിട്ടല്ല മറിച്ച സമാധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് വടക്കേ ഇന്ത്യയിൽ സമരങ്ങളുടെ പേരിൽ നടക്കുന്നത്. ഇടത് ജിഹാദി അർബൻ നക്സൽ കൂട്ടുകെട്ടാണ് പതിവ് പോലെ എല്ലാത്തിനും ബുദ്ധി ഉപദേശിക്കുന്നത്- സുരേന്ദ്രൻ പറഞ്ഞു.