പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണുളളത്. തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമേ വസിക്കുന്നുള്ളൂവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു’ ബാനര്‍ജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ചൊവ്വാഴ്ച രാത്രി വരെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് 30,391 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടുകയും 1,767 സീറ്റുകളില്‍ ലീഡ് ചെയ്യുകയും ചെയ്തു. ടിഎംസിയുടെ എതിരാളിയായ ബിജെപി 8,239 സീറ്റുകളില്‍ വിജയിക്കുകയും 447 സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. മൊത്തത്തില്‍ 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
2534 സീറ്റുകളില്‍ വിജയിച്ച സിപിഐഎം 237 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 2,158 സീറ്റുകളില്‍ വിജയിക്കുകയും 151 സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) മുര്‍ഷിദാബാദിലും മാള്‍ഡയിലും രണ്ട് സീറ്റുകള്‍ നേടി.