കാളി ദേവിയുടെ ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി യുക്രൈന്‍

0
81

കാളി ദേവിയുടെ ചിത്രം ട്വീറ്റ് ചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി യുക്രൈന്‍. പ്രതിരോധ മന്ത്രാലയം കാളി ദേവിയെ വികലമായി ചിത്രീകരിച്ചതില്‍ ഖേദിക്കുന്നുവെന്നും അതുല്യമായ ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നുവെന്നും യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ധപറോവ പറഞ്ഞു. ഇന്ത്യയുടെ പിന്തുണയെ വളരെയധികം വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതിന് പിന്നാലെ യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് നീക്കം ചെയ്തിരുന്നു.

ഒരു സ്‌ഫോടനത്തിന്റെ പുകയില്‍ കാളി ദേവിയുടെ ചിത്രം ചേര്‍ത്തുകൊണ്ട് ‘കലയുടെ സൃഷ്ടി(Work of Art)’ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതോടെ ഇന്ത്യയിലുടനീളമുള്ള സമൂഹമാധ്യമ ഉപയോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്നും യുക്രൈന്‍ മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുദ്ധത്തിനിടെ ഇന്ത്യയില്‍ നിന്ന് സഹായം തേടിയ ശേഷം രാജ്യത്ത് വ്യാപകമായി ആരാധിക്കുന്ന ഒരു ദേവതയെ അപമാനിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു.

ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ധപറോവ ഇന്ത്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് വന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉയര്‍ന്ന റാങ്കുള്ള യുക്രൈനിയന്‍ ഉദ്യോഗസ്ഥയായിരുന്നു അവര്‍. എമിന്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയെ കാണുകയും യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അയച്ച കത്ത് കൈമാറുകയും ചെയ്തിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here