തെരുവ് നായ ആക്രമണത്തെ തുടർന്ന് കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറ് സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. പഞ്ചായത്താണ് അവധി നൽകിയത്. ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിൽ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരുനായയുടെ ആക്രമണത്തിൽ നാലു വയസ്സുകാരിക്ക് പരിക്കേറ്റിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്തും കഴുത്തിലും കണ്ണിനുൾപ്പടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ചാടി ജനലിൽ കയറിയതിനാൽ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ചത്. കണ്ണിനും പരിക്കേറ്റതിനാൽ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. വാക്സിനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും വേണ്ടി വരും. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. സംസ്ഥാനത്ത് പ്രതിദിനം തെരുവുനായ ആക്രമണ കേസുകൾ കുറയുന്നുമില്ല.