സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്. രാവിലെ ഒന്‍പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക. സെമിനാറില്‍ പങ്കെടുക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിച്ചിട്ടുണ്ട്. സിവില്‍ കോഡില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമനടപടികള്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇക്കാര്യത്തിലുളള ലീഗിന്റെ നിലപാടിനായി സംസ്ഥാന കോണ്‍ഗ്രസും കാത്തിരിക്കുകയാണ്.
കോണ്‍ഗ്രസിന് അതൃപ്തിയുണ്ടാക്കാതെ തീരുമാനമെടുക്കുക എന്നതാണ് ലീഗ് നേരിടുന്ന വെല്ലുവിളി. സെമിനാറിലേക്ക് ക്ഷണം ലഭിച്ച ഘട്ടത്തില്‍ തന്നെ നിരസിക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസിനൊപ്പം ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെയും അഭിപ്രായം. ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുന്നത്. ആദ്യ സെമിനാര്‍ കോഴിക്കോട്ടുവച്ചാണ് നടക്കുന്നത്.
എന്നാല്‍ ഏക സിവിൽകോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അതിന് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ വ്യക്തമാക്കി. സമസ്തയുടെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.