ചെന്നൈ: കനത്തമഴയിൽ കല്ലറകൾക്കിടയിൽ വീണുകിടന്ന ഉദയകുമാറിനെ ചുമലിലേന്തി ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ചു രക്ഷിച്ച ഇൻസ്പെക്ടർ രാജേശ്വരി ഇന്ന് താൻ അവസരോചിതമായി ചെയ്ത കാരുണ്യത്തിൻറെ ഉദാത്ത മാതൃകയാണ്. തോട്ടപ്പണിക്കാരനായ ഉദയകുമാർ(28)കഴിഞ്ഞ ദിവസങ്ങളായി സെമിത്തേരിയിൽ പണിചെയ്തുവരുകയായിരുന്നു. മഴ ശക്തിപ്പെട്ടതോടെ വീട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ഇദ്ദേഹം സെമിത്തേരിയിൽ വീണുകിടക്കുന്ന വിവരമറിഞ്ഞ് രാജേശ്വരി ഇവിടെ എത്തുകയായിരുന്നു. തുടർന്നാണ് ഉദയകുമാറിനെ ചുമലിലെടുത്ത് പുറത്തെത്തിച്ചത്. ചെന്നൈ ടി.പി. ഛത്രത്തിലാണ് വനിതാ പോലീസ് ഇൻസ്പെക്ടറുടെ അവസരോചിതമായ നടപടി യുവാവിന്റെ ജീവൻ രക്ഷിച്ചത്.
പോലീസ് വാഹനത്തിൽ കയറ്റുന്നതിനായി ഒരുങ്ങിയപ്പേഴേക്കും ഓട്ടോ റിക്ഷ എത്തി. അതിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ആളെ ഏർപ്പാടാക്കി. പിന്നീട് ജോലിത്തിരക്ക് കഴിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തി ഉദയകുമാറിന്റെ വിവരം തിരക്കി. ഉദയകുമാർ ആരോഗ്യം വീണ്ടെടുത്ത് വരുകയാണെന്നും എന്ത് സഹായവും നൽകാമെന്നും താൻ അയാളുടെ അമ്മയെ അറിച്ചിട്ടുണ്ടെന്നും രാജേശ്വരി പറഞ്ഞു.
രാജേശ്വരി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങൾ തരംഗമായിരിക്കുകയാണ്. ഇതോടെ അഭിനന്ദങ്ങളുടെ പ്രവാഹമായി. ചെന്നൈ പോലീസ് കമ്മിഷണർ ശങ്കർ ജിവാലും അഭിനന്ദിക്കാനെത്തി. മുമ്പും ധീരതയുടെയും സഹാനുഭൂതിയോടെയുള്ള പ്രവർത്തനത്തിലൂടെ ശ്രദ്ധേയായ പോലീസുകാരിയാണ് തേനി സ്വദേശിയായ രാജേശ്വരി. ഏതാനും വർഷം മുമ്പ് കേരള പോലീസിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടത്തിയ പോലീസ് കോൺഫറൻസിൽ ധീരതയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മൂന്നുവർഷം മുമ്പ് ചെന്നൈയിൽ ഗുണ്ടാനേതാവിനെ ഓടിച്ചിട്ട് പിടിച്ചും ശ്രദ്ധ നേടിയിരുന്നു. അഗതികളായവരുടെ പുനരധിവാസ പ്രവർത്തനത്തിലും സജീവമാണ്.