തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലഘട്ടത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. പ്രതികൂല കാലാവസ്ഥയും, മാറാതെ നിൽക്കുന്ന കോവിഡ് പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിനുമിടയിൽ, മറ്റൊരു മണ്ഡല കാല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രനട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് വൈകിട്ട് ആറിന് ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും.
ഇന്ന് നട തുറക്കുമെങ്കിലും ഭക്തര്‍ക്കുള്ള പ്രവേശനം നാളെ മുതലാണ്. ഒരു ദിവസം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിനുള്ള അനുമതി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ഉള്ളത്. നാളേയ്ക്ക് 8,000 ബുക്കിങ്ങാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളില്‍ പമ്പയിലെ സ്നാനം അനുവദിക്കില്ലെന്നാണ് ഭരണകൂടം അറിയിച്ചിട്ടുള്ളത്.
കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് ഫലം ഉള്ളവര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.