യൂണിഫോം തുന്നിക്കാൻ തയ്യൽക്കടകളിൽ തിരക്ക്

0
302

തൃശൂർ • സ്കൂൾ തുറക്കാറായതോടെ യൂണിഫോം തുന്നിക്കാൻ തയ്യൽക്കടകളിൽ പൊരിഞ്ഞ തിരക്ക്. പതിവിൽ നിന്നു വ്യത്യസ്തമായി എല്ലാ കുട്ടികൾക്കും ഇത്തവണ പുതിയ യൂണിഫോം വേണ്ടിവരുമെന്നതാണു തിരക്കേറ്റുന്നത്. കോവിഡ് മൂലം 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സ്കൂളുകളിൽ പ്രവേശനോത്സവം എന്നതിനാൽ പഴയ യൂണിഫോം കുട്ടികൾക്കു പാകമല്ലാതായിക്കഴിഞ്ഞു. പുതിയ യൂണിഫോം യഥാസമയം തുന്നിന ൽകാൻ അഹോരാത്രം അധ്വാനത്തിലാണു തയ്യൽക്കടകൾ. വലിയ സ്കൂളുകളിൽ പലതും മൊത്തമായി തുണി വാങ്ങി കരാർ അടിസ്ഥാനത്തിൽ തയ്യൽക്കടകളെ ഏൽപ്പിക്കുകയാണ്.

ഇവർക്ക് യഥാസമയം യൂണിഫോം ലഭിക്കുന്നുണ്ടെങ്കിലും മറ്റു സ്കൂളുകളിലെ കുട്ടികളുടെ അവസ്ഥ വ്യത്യസ്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളെയടക്കം ഉപയോഗിച്ചാണു പല കടകളിലും യൂണിഫോം തുന്നിക്കുന്നത്. അതേസമയം, കോവിഡ് സൃഷ്ടിച്ച ദുരിതകാലത്തു നിന്നു സാവധാനം കരകയറാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണു തയ്യൽത്തൊഴിലാളികൾ. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂൾ സീസണിന്റെ വരുമാനം കൊണ്ടു പിടിച്ചുനിന്നിരുന്ന തയ്യൽ മേഖല കഴിഞ്ഞ 2 വർഷമായി കഷ്ടപ്പാടിലായിരുന്നു.

വിവാഹ സീസണും സ്കൂൾ സീസണും മടങ്ങിവന്നതോടെ തയ്യൽ മേഖല അഭിവൃദ്ധിപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ലോക്ഡൗണിനു മുൻപു തയ്ച്ചുവച്ച സ്കൂൾ യൂണിഫോമുകൾ പലരും വാങ്ങാനെത്തിയിരുന്നില്ല. കോവിഡ് മൂലം ആഘോഷങ്ങൾ കുറഞ്ഞതോടെ വൈദ്യുതി ബില്ലടയ്ക്കാൻ പോലും മാർഗമില്ലാതെ വലയുകയായിരുന്നു തയ്യൽ തൊഴിലാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here