മെസിയെ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കി എമിലിയാനോ മാര്‍ട്ടിനെസ്.

0
74

കൊല്‍ക്കത്ത: ഇന്ത്യയില്‍ കളിക്കാനുള്ള അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ ആഗ്രഹം നടക്കാതെ പോയതിന്‍റെ നിരാശയിലാണ് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍. ഇതിഹാസതാരം ലിയോണല്‍ മെസിയുടെ പ്രകടനം അടുത്തു കാണാനുള്ള അവസരമാണ് കഴിഞ്ഞ മാസം ആരാധകര്‍ക്ക് നഷ്ടമായത്. എന്നാല്‍ മെസിയെ ഇന്ത്യയില്‍ കൊണ്ടുവരമെന്ന് ഉറപ്പു നല്‍കുകയാണ് അര്‍ജന്‍റീന ഗോള്‍ കീപ്പറും മെസിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ എമിലിയാനോ മാര്‍ട്ടിനെസ്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ എമി മാര്‍ട്ടിനെസ് കൊല്‍ക്കത്തയില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് മെസിയെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കിയത്. കൊല്‍ക്കത്തയിലെത്തിയ എമി മാര്‍ട്ടിനെസിനെ ഒരു നോക്കു കാണാനായി നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് പുറത്തു തന്നെ ആരാധകര്‍ തടിച്ചു കൂടിയിരുന്നു.

കൊല്‍ക്കത്തയിലെത്തിയ എമി ശ്രീഭൂമി സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവെ തടിച്ചു കൂടിയ ആരാധകര്‍ക്ക് മുമ്പിലാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും മെസിയെ ഇന്ത്യയില്‍ കൊണ്ടുവരാനും കളിപ്പിക്കാനും ശ്രമിക്കുമെന്നും മാര്‍ട്ടിനെസ് പറഞ്ഞത്. മാര്‍ട്ടിനെസിന്‍റെ വാക്കുകളെ ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

ഇവിടെയെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ വരികയെന്നത് എന്‍റെ സ്വപ്നമായിരുന്നു. ഞാനിന്ന് ഇവിടുത്തെ തെരുവുകളിലൂടെ നടന്നു. കാറില്‍ സ‍ഞ്ചരിച്ചു. ഈ രാജ്യം എത്ര സുന്ദരമാണെന്ന് തിരിച്ചറിഞ്ഞു. എന്നെ കാണാന്‍ എത്തിയ എല്ലാവരോടും നന്ദി. ഈ പരിപാടി ആസ്വദിക്കു. ഇതിവിടെ അവസാനിക്കുന്നില്ല, ലിയോണല്‍ മെസിയെ ഇന്ത്യയില്‍ കളിപ്പിക്കണമെന്നാണ് ഞാന്‍ ശ്രമിക്കുന്നത്-എമി മാര്‍ട്ടിനെസ് പറഞ്ഞു.

2011ല്‍ ലിയോണല്‍ മെസി വെനസ്വേലക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. ആ മത്സരത്തിലായിരുന്നു മെസി ആദ്യമായി അര്‍ജന്‍റീന നായകനായി അരങ്ങേറിയത്. അന്ന് ഗോളടിച്ചില്ലെങ്കിലും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആയിരങ്ങളെ ആവേശം കൊള്ളിച്ചാണ് മെസി മടങ്ങിയത്. മത്സരത്തില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയുടെ വിജയഗോളിലും മെസിയുടെ സഹായമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here