തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിലാണ് മുന്നറിയിപ്പ്. ഇനിയും സ്വത്ത് വിവരം സമർപ്പിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും ഉത്തരവിലുണ്ട്.
കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയിൽ സ്വത്ത് വിവരം സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 15 ആയിരുന്നു കഴിഞ്ഞ വർഷത്തെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ പല ജീവനക്കാരും ഇനിയും സ്വത്ത് വിവരം സ്പാർക് സോഫ്റ്റ്‌വെയറിൽ സമർപ്പിച്ചിട്ടില്ല. ഇതിലാണ് സംസ്ഥാന സർക്കാർ നടപടിയിലേക്ക് നീങ്ങുന്നത്.