ഭാരതീയ ജനതാ പാർട്ടിയുടെ രാജ്യസഭാ എംപി ഹർദ്വാർ ദുബെ ഡൽഹിയിലെ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ആഗ്രയിലാണ് ഹർദ്വാർ ദുബെ കഴിഞ്ഞിരുന്നത്. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ഉത്തർപ്രദേശിലെ സംഘടനയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നേതാവാണ് ദുബെ.
രാഷ്ട്രീയത്തിൽ സജീവമായിരുന്ന മുൻ സഹമന്ത്രി ദുബെ രണ്ടുതവണ എംഎൽഎയും ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ബിജെപി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. “മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവും ബഹുമാനപ്പെട്ട രാജ്യസഭാ എംപിയുമായ ഹർദ്വാർ ദുബെയുടെ വിയോഗത്തിന്റെ ദുഃഖവാർത്തയാണ് ലഭിച്ചത്. പരേതന്റെ ആത്മാവിന് സമാധാനവും കുടുംബത്തിന് ശക്തിയും നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.” മീററ്റിൽ നിന്നുള്ള ബിജെപി എംപി രാജേന്ദ്ര അഗർവാൾ ട്വീറ്റ് ചെയ്‌തു.
“മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഹർദ്വാർ ദുബെയുടെ വിയോഗത്തിന്റെ ദുഃഖവാർത്തയാണ് ലഭിച്ചത്. ബിജെപി കുടുംബത്തിന് ഇത് നികത്താനാവാത്ത നഷ്‌ടമാണ്. ശ്രീരാമൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ ഇടം നൽകണമെന്നും ഈ ദുരിതം സഹിക്കാൻ കുടുംബാംഗങ്ങൾക്ക് ധൈര്യം നൽകണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ. ഓം ശാന്തി.” ഫത്തേപൂർ സിക്രിയിൽ നിന്നുള്ള ബിജെപി എംപി രാകുമാർ ചാഹദ് കുറിച്ചു.