തിരുവമ്ബാടി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘ഉയരെ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി “തണലോരം” എന്ന പേരില്‍ എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ഫലവൃക്ഷതൈകള്‍ വെച്ചു പിടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഗോതമ്ബ്റോഡില്‍ ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയില്‍ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിന്
പകരമായാണ് പാതക്ക് ഇരുവശത്തും 1500 ഓളം ഫലവൃക്ഷതൈകള്‍ വെച്ച് പിടിപ്പിച്ചത്. ഓമശ്ശേരി മുതല്‍ എരഞ്ഞിമാവ് വരെയുള്ള 15 കിലോമീറ്റര്‍ പരിധിയിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാലയങ്ങളിലെ കുട്ടികള്‍ അവര്‍ക്കു നിശ്ചയിച്ച സ്ഥലങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടു.
റോഡ് നവീകരണത്തിൻ്റെ ഭാഗമായി മുറിച്ച തണല്‍ മരങ്ങള്‍ക്ക് പകരമായി സംസ്ഥാന പാതയില്‍ പൂര്‍ണ്ണമായും തണലൊരുക്കുകയും ഒപ്പം മനുഷ്യര്‍ക്കും പറവകള്‍ക്കുമുള്‍പ്പെടെ ഫലവൃക്ഷങ്ങള്‍ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിനൊപ്പം അത് സംരക്ഷിക്കുമെന്നും ചടങ്ങില്‍ പ്രതിജ്ഞയെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പ്, സോഷ്യല്‍ ഫോറെസ്ട്രി ഡിപ്പാര്‍ട്ട്മെൻ്റ്, കെ.എസ്.ടി.പി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.സി കോമളം, ഷിഹാബ് മാട്ടുമുറി, സിജി കുറ്റികൊമ്ബില്‍, മുക്കം എ ഇ ഒ പി. ഓംകാരനാഥൻ, ബിപിസി പി.എൻ അജയൻ, നരസിംഹൻ തുടങ്ങിയവര്‍ സംസാരിച്ചു.