ഉത്തർപ്രദേശിൽ കൊടും ചൂട്; മരണസംഖ്യ ഉയരുന്നു,

0
95

ഉത്തർപ്രദേശിൽ കൊടും ചൂടിൽ മരണസംഖ്യഓരോ ദിവസവും വർദ്ധിക്കുകയാണ്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 57 പേരാണ് നാല് ദിവസത്തിനിടെ  കടുത്ത ചൂടിൽ മരിച്ചത്. അയോധ്യയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസടക്കം കടുത്ത ചൂടിൽ തളർന്നുവീണ് ഞായറാഴ്ച മരിച്ചിരുന്നു. അതേസമയം, ബിഹാറിൽ 44 പേർക്കാണ് സംസ്ഥാനത്ത് കൊടുംചൂടിനെ തുടർന്ന് ജീവൻ നഷ്ടമായത്.

കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പലയിടത്തും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും ഉഷ്ണതരംഗം/കടുത്ത ഉഷ്ണതരംഗങ്ങളായി തുടരാൻ സാധ്യതയുയുണ്ടെന്നും, ജൂൺ 20 മുതൽ ചൂട് ക്രമേണ കുറയുമെന്നും ഐഎംഡി അറിയിച്ചു.

എന്നാൽ, ബിപാർജോയ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. വടക്കൻ ഗുജറാത്തിന്റെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും ലഭിച്ചു. ഇതേതുടർന്ന്, ബനസ്കന്ത, പടാൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ബിപാർജോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ രാജസ്ഥാനിലെ ജലോർ, സിരോഹി, ബാർമർ എന്നീ മൂന്ന് ജില്ലകൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിലാണ്. അടുത്ത 15-20 മണിക്കൂർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി പി.സി.കിഷൻ പിടിഐയോട് പറഞ്ഞു.

ഞായറാഴ്ച രാത്രി മുതൽ രാജസ്ഥാന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും, വടക്കുകിഴക്കൻ രാജസ്ഥാനിലും പടിഞ്ഞാറൻ മധ്യപ്രദേശിലും മിക്കയിടത്തും തിങ്കളാഴ്ച നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട കനത്തതോ വളരെ ശക്തമായതോ ആയ മഴയും ലഭിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലും രാജസ്ഥാനിലുമായി ബിപാർജോയ് ചുഴലിക്കാറ്റ് വീശിയടിച്ചതിന്റെ ഫലമായി പഞ്ചാബ്-ഹരിയാന-ഡൽഹി മുതൽ ഗുജറാത്ത് വരെ രാജസ്ഥാനിലൂടെയും അതിനോട് ചേർന്നുള്ള മധ്യപ്രദേശിലൂടെയും വ്യാപിച്ചുകിടക്കുന്ന വടക്ക്-തെക്ക് ബെൽറ്റിൽ പരമാവധി താപനില സാധാരണയിൽ നിന്ന് 2 മുതൽ 10 ഡിഗ്രി വരെ താഴ്ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here