ദുരിതത്തിന് അറുതി; വെണ്ണിയൂരിലെ കുടുംബത്തിന് സഹായമെത്തിച്ച് വകുപ്പ് മന്ത്രി

0
51

തിരുവനന്തപുരം: വെങ്ങാനൂർ വെണ്ണിയൂരിൽ രോ​ഗവും ദാ​രിദ്ര്യവും മൂലം ദുരിതത്തിലായ കുടുംബത്തിന് സഹായമെത്തിച്ച് വകുപ്പ് മന്ത്രിയും അധികൃതരും. റേഷൻ കാർഡ് ഉണ്ടായിട്ടും ഇവർക്ക് റേഷൻ ലഭിച്ചിരുന്നില്ല. സംഭവത്തിൽ വകുപ്പ് മന്ത്രി ജിആർ അനിൽ ഇടപെടുകയും കുടുംബത്തിന് അടിയന്തിരമായി റേഷൻ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. റേഷനിംഗ് ഇൻസ്പെക്ടർ ഇവരുടെ വീട് സന്ദർശിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകി.

വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ ജെ.കരുണാകരനും (74) മാനസിക വൈകല്യമുള്ള ഭാര്യയും എഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്ന മകന്റെയും ദയനീയാവസ്ഥക്ക് അറുതി വരികയാണ്.

ഇന്നലെ വീട്ടിലെത്തിയ അധികൃതർ കുടുംബത്തിന് പുതിയ റേഷൻ കാർഡ് കൈമാറി. കിടപ്പ് രോഗിയുടെ വിവരം യഥാസമയം അധികൃതരെ അറിയിക്കാത്തതിന് റേഷൻകട ഉടമയ്ക്ക് വകുപ്പ് താക്കീത് നൽകിയിട്ടുണ്ട്. നിലവിൽ കുടുംബത്തിന് പിങ്ക് കാർഡാണ് നൽകിയിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി ഇവർക്ക് മഞ്ഞകാർഡ് നൽകുമെന്ന് റേഷനിംഗ് ഇൻസ്പെക്ടർ അറിയിച്ചു. ഇവർക്ക് പലവ്യഞ്ജനങ്ങൾ അടക്കമുള്ളവ വാങ്ങി നൽകിയ ശേഷം സാമ്പത്തിക സഹായവും നൽകിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്.

വെണ്ണിയൂരിലെ പള്ളിയിൽ നിന്നും സിസ്റ്റർമാർ എത്തി ഇവർക്ക് സാമ്പത്തിക സഹായവും വസ്ത്രങ്ങളും നൽകി. കരുണാകരന്റെ ഭാര്യ തുളസിയുടെ പേരിലാണ് റേഷൻ കാർഡ്. ഇവർക്ക് ആധാർ ഇല്ലാത്തതിനാൽ തുളസിക്കും മകൻ അനി(32)യ്ക്കും റേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാലാണ് റേഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here