ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന പേരിൽ പ്രഭാസ് നായകനായ ആദിപുരുഷ് (Adipurush) തിയേറ്ററുകളിലെത്തി. രാമായണത്തെ അധികരിച്ചിറങ്ങുന്ന സിനിമയിൽ പ്രഭാസ് രാഘവനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. ഓം റൗത്ത് ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ തുടക്കം മുതലെ പല തരത്തിലുളള വാര്‍ത്തകളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ആദ്യ ദിന കളക്ഷൻ പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ച് 140 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍റെ ആദ്യദിന കളക്ഷന്‍ 106 കോടി ആയിരുന്നു. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണ് ആദിപുരുഷ്.
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ വിപണിമൂല്യം വര്‍ധിപ്പിച്ച ഘടകമായിരുന്നു. വലിയ പരസ്യ പ്രചരണങ്ങളോടെയും സ്ക്രീന്‍ കൌണ്ടോടെയും എത്തിയ ചിത്രത്തിന് പക്ഷേ റിലീസ് ദിനത്തില്‍ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് കൂടുതലും ലഭിച്ചത്. എന്നാല്‍ ആദ്യദിന കളക്ഷനില്‍ ഇത് പ്രതിഫലിച്ചിട്ടില്ലെന്ന് മാത്രമല്ല, ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുമുണ്ട്.