തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. എന്നാല്‍ പൊലീസ് നടപടിയിലേക്ക് നയിച്ച കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. മധുര സിപിഐ എംപി സു വെങ്കിടേശനെതിരെ പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജോലി റാക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൂര്യയുടെ അറസ്റ്റ്.
മലം നിറഞ്ഞ അഴുക്കുചാല് വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലറായ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നും സൂര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വെങ്കിടേശന് സൂര്യ എഴുതിയ കത്തില്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ഇതാകാം അറസ്റ്റിലേക്ക് നയിച്ചതെന്നാണ് ബിജെപി അനുയായികളുടെ അവകാശവാദം.