വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വരന്റെ വീട്ടിലെ പണപ്പെട്ടിയുമായി കള്ളൻ മുങ്ങി;

0
120

കൊയിലാണ്ടി: വിവാഹത്തലേന്ന് വരന്റെ വീട്ടിൽ ഗാനമേളയ്ക്കിടയിൽ പണപ്പെട്ടിയുമായി കടന്നുകളഞ്ഞ് കള്ളൻ. കൊയിലാണ്ടി മുചുകുന്നിലെ കിള്ളവയൽ ജയേഷിന്റെ വിവാഹത്തിനിടെയാണ് മോഷണം നടന്നത്. വിവാഹത്തലേന്ന് നടന്ന ചായസത്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പണം നിക്ഷേപിച്ച പെട്ടിയാണ് മോഷ്ടിച്ചത്.

സത്കാരത്തിൽ പങ്കെടുത്ത നൂറ് കണക്കിന് പേർ പണം അടങ്ങിയ കവർ വീട്ടുമുറ്റത്തെ പെട്ടിയിൽ നിക്ഷേപിച്ചിരുന്നു. രാത്രി ഗാനമേളയ്ക്കിടെയാണ് കള്ളൻ പണപ്പെട്ടിയുമായി കടന്നു കളഞ്ഞതെന്നാണ് സംശയം. അർധരാത്രിയാണ് പണപ്പെട്ടി കാണാനില്ലെന്ന കാര്യം ജയേഷ് ശ്രദ്ധിച്ചത്. ഇതോടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിവരം അറിയിച്ചു.

വീട് മുഴുവൻ പരിശോധിച്ചിട്ടും പെട്ടി കണ്ടെത്താനായില്ല. പിന്നീട് സമീപത്തെ ആൾതാമസമില്ലാത്ത വീടിനടുത്തു നിന്ന് കുത്തിത്തുറന്ന നിലയിൽ പെട്ടി ലഭിച്ചു. പെട്ടിയിലെ കവറുകളിൽ നിന്ന് പണം എടുത്ത് കവറുകൾ ഉപേക്ഷിച്ച നിലയിലായിരുന്നു. കുറച്ചു പണം അടങ്ങിയ കവർ പെട്ടിക്ക് സമീപം തന്നെ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ജയേഷിന്റെ പരാതിയിൽ കൊയിലാണ്ടി പൊലീസ് ഇൻസ്പക്ടർ എം.എൻ.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹം ഇന്നലെ ആയിഞ്ചേരിയിലെ വധൂഗൃഹത്തിൽ വച്ച് നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here