തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും കേരളത്തിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ന് കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ്. മഴയ്ക്കൊപ്പം പരമാവധി 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചിരുന്നു.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.