രാജ്യത്ത് വീണ്ടും ഭൂചലനം. അസമിലെ ഗുവാഹത്തിയിലും വടക്കുകിഴക്കന്‍ മേഖലയിലെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജിയുടെ കണക്കനുസരിച്ച്, റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലായിരുന്നു. രാവിലെ 10.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തെ ജൂണ്‍ 11 ന് അസം സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ബ്രഹ്‌മപുത്ര നദിയുടെ വടക്കന്‍ തീരത്തുള്ള സോണിത്പൂര്‍ ജില്ലയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് പറയുന്നത്. അഞ്ച് കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ദിവസം മുമ്പ് ഗുജറാത്തിലെ കച്ചിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രദേശത്തെ പരിഭ്രാന്തയിലാക്കിയിരുന്നു. ബുധനാഴ്ച വൈകീട്ട് 5.05നാണ് ഭൂചലനം അനുഭവപ്പെട്ടത്. കച്ചില്‍ ബൈപാര്‍ജോയ് ചുഴലിക്കാറ്റ് കരയില്‍ പതിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. ഗാന്ധിനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കച്ച് ജില്ലയിലെ ഭചൗവില്‍ നിന്ന് 5 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ആയിരുന്നു.