അഹമ്മദാബാദ്: 10 ദിവസത്തിലേറെയായി അറബിക്കടലിൽ ആഞ്ഞടിച്ച ബിപോർജോയ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം ‘വളരെ തീവ്രമായ’ ചുഴലിക്കാറ്റായി വീശിയടിച്ചു. കുറഞ്ഞത് മൂന്ന് പേർക്ക് പരിക്കേൽക്കുകയും മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപറ്റുകയും ഏതാനും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാസംഘങ്ങൾ ജാഗ്രതയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിക്കുകയും ചുഴലിക്കാറ്റിന്റെ കരയിലേക്ക് കയറുന്ന പ്രക്രിയയ്ക്കിടയിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചോദിച്ചറിയുകയും ചെയ്തു. ഗിർ വനത്തിൽ മൃഗങ്ങളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു.
ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി. ചുഴലിക്കാറ്റിന് ഏകദേശം 50 കിലോമീറ്റർ വ്യാസമുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.