സൗദിയില്‍ ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രത്യേക വിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും.
ഇതുപ്രകാരം ഉച്ചക്ക് 12 മുതല്‍ 3 മണി വരെ വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യിക്കാൻ പാടില്ല. നിയമം ലംഘിച്ചാല്‍ പിഴശിക്ഷ നടപ്പാക്കും. ഇളവുള്ള സ്ഥാപനങ്ങള്‍ക്കുള്ള നിബന്ധനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ നിയമം നിലവിലുണ്ടാവും. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനാണ് മൂന്നു മാസത്തെ വിലക്ക്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞിരുന്നു.