‘കേരളമേ പോരൂ’; യേശുദാസിന്‍റെ വയനാട് സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍.

0
34

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍. കേരളമേ പോരൂ എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ്. വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്.

വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം. രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു, ഗാനത്തിന്‍റെ യുട്യൂബ് ലിങ്ക് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം മോഹന്‍ലാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവച്ചിരുന്നു. മോഹന്‍ലാലിനൊപ്പം 17 അംഗ ഭരണസമിതിയും രാജി വച്ചു. രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കുമെന്നാണ് സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രമുഖ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന സിദ്ദിഖിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. സിദ്ദിഖ് ആണ് സംഘടനയില്‍ നിന്ന് ആദ്യം രാജിവച്ചത്. അതേസമയം മാധ്യമങ്ങളെ അഭിമുഖീകരിക്കാതെയും ആരോപണങ്ങളോട് പ്രതികരിക്കാതെയും നേതൃത്വം രാജി വച്ച് ഒഴിഞ്ഞതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ചെന്നൈയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു ഇന്നലെ പങ്കുവച്ചിരുന്നു. മോഹന്‍ലാലിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം ബറോസ് ആണ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

 

LEAVE A REPLY

Please enter your comment!
Please enter your name here