ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിന് ഇടയില്‍ ആര്‍ടിഒ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി വിജിലൻസ്. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ എസ് സതീഷാണ് പിടിയിലായത്.
ദേശീയ പാത നിര്‍മാണത്തിൻ്റെ ഉപകരാറുകാരനില്‍ നിന്നും 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങള്‍ പിടികൂടി 20,000 രൂപ പിഴ ചുമത്തിയിരുന്നു ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.
അതേസമയം, വയനാട്ടില്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിലായി. വയനാട് കല്‍പ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പ്രവീന്ദര്‍ സിംഗിനെയാണ് പിടിയിലായത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത്.