വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ കാണുന്നവർക്ക് സൗജന്യ ചായയും കാപ്പിയും ഓഫർ നൽകുകയാണ് ഗുജറാത്തിലെ ഒരു ചായക്കടക്കാരൻ. സൂറത്തിലെ വെസു ഏരിയയിലുള്ള ‘കേസരയ്യ ചായക്കട’ ഉടമയാണ് ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ ടിക്കറ്റുമായി എത്തുന്ന ഉപഭോക്താക്കൾക്ക് സൗജന്യ ചായയും കാപ്പിയും നൽകും.
“ഉപഭോക്താക്കൾ അവരുടെ സിനിമാ ടിക്കറ്റ് ചായക്കടയിൽ കാണിക്കുകയാണെങ്കിൽ, അവർക്ക് കോംപ്ലിമെന്ററി ചായയും കാപ്പിയും ലഭിക്കും. ഓഫർ 2023 മെയ് 15 വരെ മാത്രം”, എന്നെഴുത്തിനൊപ്പം സിനിമയുടെ പോസ്റ്ററും ചായക്കടക്ക് മുന്നിൽ പതിച്ചിട്ടുണ്ട്.
വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്‌ഐഎസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് ‘ദി കേരള സ്റ്റോറി’ ചിത്രം പറയുന്നത്. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതാവുകയും ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേരുകയും ചെയ്തതായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ ട്രെയ്‌ലര്‍ വിവരണം കേരളത്തില്‍ നിന്നുള്ള മൂന്ന് സ്ത്രീകളുടെ കഥ എന്നാക്കി മാറ്റി.
അതേസമയം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സിനിമ നികുതിരഹിതമാക്കിയപ്പോൾ പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സിനിമ നിരോധിച്ചു.