കോലി രാജിവെച്ചത് അപ്രതീക്ഷിതം, രോഹിത് ആയിരുന്നു മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍.

0
74

മുംബൈ: വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് അപ്രതീക്ഷിതമായിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാനുള്ള കാരണം എന്താണെന്ന് കോലിക്ക് മാത്രമെ അറിയൂവെന്നും ഗാംഗുലി ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെയാണ് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. അത് അപ്രതീക്ഷിതമായിരുന്നു. ഞങ്ങള്‍ അതിന് തയാറെടുത്തിരുന്നില്ല. അദ്ദേഹം രാജിവെച്ചത് എന്തിനാണെന്ന് എനിക്കറിയില്ല. കോലി അപ്രതീക്ഷിതമായി രാജിവെച്ചതോടെ പിന്നീട് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷന്‍ രോഹിത് ശര്‍മയായിരുന്നു. അതുകൊണ്ടാണ് രോഹിത്തിനെ മൂന്ന് ഫോര്‍മാറ്റിലും നായകനാക്കിയതെന്നും ഗാംഗുലി പറഞ്ഞു.

വിരാട് കോലി മികച്ച നായകനായിരുന്നു. കോലിക്കും ശാസ്ത്രിക്കും കീഴില്‍ ഇന്ത്യ നിര്‍ഭയ ക്രിക്കറ്റാണ് കളിച്ചത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഉണ്ടായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്പര നേടാനാവുമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

2021ലെ ടി20 ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയിറങ്ങിയ വിരാട് കോലിയെ 2021 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കിയിരുന്നു. ഏകദിന നായകസ്ഥാനം രോഹിത് ശര്‍മ്മയ്‌ക്ക് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി അന്ന് അവകാശപ്പെട്ടിരുന്നു.

കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ ഈ അവകാശവാദം ശരിവെച്ചിരുന്നു അന്നത്തെ മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ. എന്നാല്‍ ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതോടെ സൂപ്പര്‍ താരവും ബിസിസിഐയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യൂഹങ്ങള്‍ പടര്‍ന്നു. ക്യാപ്റ്റന്‍സി വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ 2022 ജനുവരിയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സി വിരാട് കോലി ഒഴിയുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here