ഭൂമിയെ ലക്ഷ്യം വെച്ച് രണ്ട് വലിയ ഛിന്നഗ്രഹങ്ങൾ എത്തുന്നതായി റിപ്പോർട്ട്. ഇവയ്ക്ക് 500 മുതൽ 850 മീറ്റർ വരെ വ്യാസമുണ്ട്. ഭൂമിയോട് അടുത്ത് വരുന്ന രണ്ട് ഛിന്നഗ്രഹങ്ങളെ 488453, 2020 DB5 എന്ന് പേരിട്ടാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്. 15ാം തീയതി ഈ ഛിന്നഗ്രഹങ്ങളിൽ ഒന്ന് ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നാണ് കരുതുന്നത്. 12ന് ഒരു ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തുകൂടി പോയിരുന്നു.
സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. സൂര്യനെ ചുറ്റുന്ന ഒരുതരം പാറക്കെട്ടുകളാണ് ഇവ. പ്ലാനറ്റോയ്ഡുകൾ അല്ലെങ്കിൽ ചെറിയ ഗ്രഹങ്ങൾ എന്നും ഇവയെ വിളിക്കുന്നു. നൂറുകണക്കിന് മൈലുകൾ മുതൽ അടികൾ വരെ വലുപ്പമുള്ള ദശലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങൾ സൗരയൂഥത്തിലുണ്ട്.
ഛിന്നഗ്രഹം 488453
488453 എന്ന ഛിന്നഗ്രഹം ഇന്നലെ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നു പോയി. മണിക്കൂറിൽ 77,292 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിയുടെ 31,62,498 കിലോമീറ്റർ വരെ അടുത്ത് ഈ ഛിന്നഗ്രഹം എത്തിയെന്നാണ് വിലയിരുത്തൽ. 2012 നവംബർ 27നും ഈ ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് കൂടി കടന്നു പോയിരുന്നു. ഇനി 2030ലും ഇത് ഭൂമിക്ക് സമീപത്തെത്തും.
ഛിന്നഗ്രഹം ഡിബി5
2020 DB5 എന്ന ഛിന്നഗ്രഹം 15ാം തിയതിയോടെ ഭൂമിക്ക് അടുത്തെത്തും. ഭൂമിയുടെ 43,08,418 കിലോമീറ്റർ അകലെ ഇത് കടന്നുപോകും. മണിക്കൂറിൽ 34,272 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. 1995ലാണ് ഇത് അവസാനമായി ഭൂമിയുടെ അടുത്തെത്തിയത്. ഇത്തവണത്തെ വരവ് കഴിഞ്ഞാൽ പിന്നെ 2048ലാകും ഈ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തെത്തുക.