2023ലെ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 27 വർഷങ്ങൾക്കു ശേഷമാണ് മിസ് വേൾഡ് മൽസരത്തിന് ഇന്ത്യ വേദിയാകുന്നത്. 71-ാമത് ലോകസുന്ദരി മത്സരം നവംബറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
2022ലെ ഫെമിന മിസ് ഇന്ത്യ വിജയിയായ സിനി ഷെട്ടി ആയിരിക്കും ഈ വർഷത്തെ മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. പോളണ്ടുകാരിയായ കരോളിന ബിലാവ്‌സ്‌കയാണ് കഴിഞ്ഞ വർഷത്തെ ലോകസുന്ദരി പട്ടം നേടിയത്. പ്യൂർട്ടോറിക്കോയിലെ സാൻ ജുവാനിലായിരുന്നു മൽസരം.
2022ലെ മിസ് ഇന്ത്യ പട്ടം നേടിയ സിനി ഷെട്ടി ആ വർഷത്തെ മിസ് ടാലന്റഡ് സബ്ടൈറ്റിലും സ്വന്തമാക്കിയിരുന്നു. ജന്മം കൊണ്ട് മുംബൈക്കാരിയാണ് എങ്കിലും സിനി ഷെട്ടി വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകുക എന്നതാണ് സിനിയുടെ ആഗ്രഹം. നാലാം വയസിൽ ശാസ്ത്രീയമായി നൃത്തം പഠിക്കാൻ ആരംഭിച്ച സിനി,14-ാം വയസിയലാണ് അരങ്ങേറ്റം നടത്തിയത്.
ജീവിതത്തിൽ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ അർത്ഥവത്തായ ഒരു ജീവിതം നയിക്കുന്നത് എന്നാണ് സിനി ഷെട്ടി രാജ്യത്തെ യുവാക്കളോട് പറയുന്നത്. ”ലോകമെമ്പാടുമുള്ള എന്റെ എല്ലാ സഹോദരിമാരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ വളരെ ആവേശത്തിലാണ്. ഇന്ത്യ യഥാർത്ഥത്തിൽ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്, ഇന്ത്യയിലെ വൈവിധ്യങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ അവർക്ക് മനസിലാക്കിക്കൊടുക്കാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, സിനി ഷെട്ടി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച വ്യക്തി പ്രിയങ്ക ചോപ്രയാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞ ഒരു കാര്യം എപ്പോഴും താൻ ഓർക്കാറുണ്ട് എന്നും സിനി പറുന്നു. ”ഒരു സ്ഫടിക ചെരിപ്പിനുള്ളിൽ കഷ്ടപ്പെട്ട് കയറാൻ ശ്രമിക്കരുത്, പകരം ആ ചില്ല് തകർക്കുക”, എന്നാണ് ആ വാചകങ്ങൾ.
ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും സമയം നീളുന്നതുമായ സൗന്ദര്യ മത്സരമാണ് മിസ് വേൾഡ്. 1951ൽ യുകെയിൽ ആയിരുന്നു ആദ്യത്തെ മിസ് വേൾഡ് മൽസരം നടന്നത്.