ഡല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ ഒക്ടോബര്‍ മൂന്നിന് രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടണലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടണലിനുള്ളിലെ വേഗപരിധി. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാന്‍ കഴിയും. മണാലിയില്‍ നിന്നും ലേയിലേക്കുള്ള ദൂരം കുറയ്ക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.
റോഹ്തങ് ടണല്‍ എന്നറിയപ്പെടുന്ന അടല്‍ ടണല്‍ 3200 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2000 ജൂണ്‍ മൂന്നിന് വാജ്പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.