നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പാര്‍ട്ടിപ്രവേശത്തെ സംബന്ധിച്ച് നേരില്‍ കണ്ടു സംസാരിക്കുമെന്ന് ഭീമന്‍ രഘു പ്രതികരിച്ചതായി മാതൃഭൂമിഡോട്ട്‌കോം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരിച്ചിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ബിജെപിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു വ്യക്തമാക്കിയത്.
”ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ല. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്. എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്-” ഭീമന്‍ രഘു പറഞ്ഞു.
സംവിധായകന്‍ രാജസേനനും അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേർന്നിരുന്നു. രാഷ്‌ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണനയാണ് ബിജെപിയിൽ നിന്ന് നേരിട്ടതെന്ന് രാജസേനൻ പറഞ്ഞു. കലാരംഗത്ത് പ്രവർത്തിക്കാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി സിപിഎം ആണ്. മനസുകൊണ്ട് താനിപ്പോൾ സിപിഎം ആണ്. ബിജെപി സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്‌മകളുണ്ട്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്വം ഇന്ന് തന്നെ രാജിവയ്ക്കുമെന്നും രാജസേനൻ വ്യക്തമാക്കി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായാണ് രാജസേനൻ മത്സരിച്ചത്. 20,294 വോട്ടുകളാണ് അന്ന് നേടിയത്.