കാമുകനൊപ്പം ഒളിച്ചോടിയ മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്താനൊരുങ്ങി കുടുംബം. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. ഭില്‍വാരയിലെ രത്തന്‍പുര സ്വദേശിയായ പ്രിയ ജാട്ട് എന്ന യുവതിയാണ് വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി യുവാവിനൊപ്പം ഒളിച്ചോടിയത്. ഇതോടെ പ്രിയയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഹമീര്‍ഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് പ്രിയയെയും കാമുകനെയും കണ്ടെത്തുകയും വീട്ടുകാരുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും കാമുകനൊപ്പം പോകാനാണ് ഇഷ്ടമെന്നുമാണ് പ്രിയ പറഞ്ഞത്.
മകളുടെ ഈ തീരുമാനം കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. തുടര്‍ന്ന് മകള്‍ മരിച്ചുവെന്ന് പറഞ്ഞ് ചരമക്കാര്‍ഡ് അടിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും കാര്‍ഡുകള്‍ അയക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. പ്രിയ 2023 ജൂണ്‍ 1 ന് മരണപ്പെട്ടെന്നും ജൂണ്‍ 13 ന് ചടങ്ങുകള്‍ നടത്തുമെന്നുമാണ് ചരമക്കാര്‍ഡില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം കുടുംബത്തിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. മാതാപിതാക്കളെ ധിക്കരിച്ച മകള്‍ മരണപ്പെട്ടതായി കരുതുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം ജീവിച്ചിരിക്കുന്ന ഒരാളുടെ പേരില്‍ ചരമക്കാര്‍ഡ് അടിക്കുന്നത് തെറ്റാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചിന്ത.