സച്ചിൻ ടെണ്ടുൽക്കറിനെതിരെ കളിക്കുമ്പോൾ തനിക്ക് അനുഭവപ്പെട്ട അതേ വികാരം ശുഭ്മാൻ ഗില്ലിനെതിരെ പന്തെറിയുന്ന ബൗളർമാർക്കും ലഭിക്കുമെന്ന് പാകിസ്ഥാന്റെ ഇതിഹാസ പേസറും മുൻ ക്യാപ്റ്റനുമായ വസീം അക്രം അവകാശപ്പെട്ടു.
2023ൽ ലഭിച്ച മികച്ച തുടക്കത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാളായി ഗിൽ അവരോധിക്കപ്പെട്ടു. ഏകദിന ക്രിക്കറ്റിലെ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ കളിയുടെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയിട്ടുണ്ട് ഈ 23-കാരൻ.
ഈ സീസൺ ഐപിഎല്ലിലും ഗിൽ മികവ് തുടർന്നു, അവിടെ അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 890 റൺസ് നേടി, തന്റെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ സീസണിലെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്‌ലിയെയും പോലെയുള്ള ഇതിഹാസ താരങ്ങളുമായി താരതമ്യപ്പെടുത്താൻ താരത്തിന്റെ മികവ് കാരണമായി.
സ്‌പോർട്‌സ്‌കീഡയോട് സംസാരിക്കുന്നതിനിടയിൽ അക്രം ഇന്ത്യൻ യുവ ബാറ്ററെ പ്രശംസ കൊണ്ട് മൂടി. ടി20 ഫോർമാറ്റിൽ പോലും ഗില്ലിന് ബൗൾ ചെയ്യുന്നത് സച്ചിനെതിരെ പന്തെറിയുന്നതിന് തുല്യമാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.
സനത് ജയസൂര്യയും കാലുവിതരണയും പോലെയുള്ള താരങ്ങൾ നിങ്ങൾക്ക് അവസരങ്ങൾ നൽകുമ്പോൾ സച്ചിനെയും ഗില്ലിനെയും പോലുള്ള കളിക്കാർ ശരിയായ ഷോട്ടുകൾ കളിക്കുമെന്ന് അക്രം പറഞ്ഞു. ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളിലും സ്ഥിരതയോടെ സ്കോർ ചെയ്യാൻ ഗില്ലിന് കഴിയുമെന്നും ലോക ക്രിക്കറ്റിന്റെ ഭാവി സൂപ്പർസ്‌റ്റാറാകാൻ താരത്തിന് സാധിക്കുമെന്നും ഇതിഹാസ പേസർ പറഞ്ഞു.