തമിഴ് സിനിമാ പ്രേക്ഷകരുടെ കൂട്ടത്തില്‍ ഏറ്റവുമധികം ഫാന്‍ ഫൈറ്റ് നടക്കുന്നത് അജിത്ത്, വിജയ് ആരാധകര്‍ തമ്മിലാണ്. ഇവരുടെ ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുക എന്നത് അതിനാല്‍ത്തന്നെ വലിയ ആവേശമാവും ആരാധകരില്‍ സൃഷ്ടിക്കുക. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അത്തരമൊരു അസുലഭാവസരം വീണ്ടും വരികയാണ്. അടുത്ത വര്‍ഷം പൊങ്കല്‍ സീസണില്‍ അജിത്ത്, വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തും.
വിജയ് നായകനാവുന്ന വരിശ് പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് ദീപാവലി സമയത്ത് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഇന്നിതാ അജിത്ത് ചിത്രം തുനിവിന്‍റെ റിലീസും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഒരു ബോക്സ് ഓഫീസ് യുദ്ധം ഉറപ്പായത്. തുനിവിന്‍റെ നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒപ്പം ചിത്രത്തിന്‍റെ തമിഴ്നാട് വിതരണാവകാശം ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് സ്വന്തമാക്കിയ വിവരവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.