നടൻ സുശാന്ത് സിംഗിൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്. മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം അടുത്തയാഴ്‌ച കരൺ ജോഹറിനെയും ചോദ്യം ചെയ്‌തേക്കും. കരൺ ജോഹറിൻറെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻ സിഇഒ അപൂർവ്വ മെഹ്‌തയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടു.
സുശാന്തിൻറെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതിനുള്ള പ്രേരണ എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അന്വേഷണം ഉന്നതരിലേക്ക് പോകാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിനെ ചോദ്യംചെയ്യലിൽ വിളിപ്പിച്ചത്. കേസന്വേഷിക്കുന്നത് ബാന്ദ്ര പൊലീസ് ആണെങ്കിലും ചോദ്യംചെയ്യൽ നടന്നത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ്. രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യൽ.
സുശാന്തുമായി സിനിമകൾ ഒന്നും ചെയ്യാൻ തീരുമാനിച്ചിരുന്നില്ല എന്ന് മഹേഷ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തൻറെ സിനിമയിൽ അഭിനയിക്കണമെന്ന് സുശാന്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. സുശാന്തിൻറെ കാമുകിയായ റിയ ചക്രബർത്തിയാണ് താരത്തിൻറെ ആഗ്രഹം തന്നെ അറിയിച്ചത്. രണ്ടുതവണ മാത്രമാണ് സുശാന്തിനെ നേരിൽ കണ്ടിട്ടുതെന്നും മഹേഷ് ഭട്ട് മൊഴി നൽകി. റിയ ചക്രവർത്തിയുമായി മഹേഷ് ഭട്ടിനും അടുത്ത ബന്ധമാണുള്ളത്.