നന്മണ്ട: രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം കാര്‍ഷികമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് രാഷ്ട്രീയനേതാവായ രാജീവൻ കൊളത്തൂര്‍.
കോണ്‍ഗ്രസ് ജില്ല കമ്മിറ്റി അംഗമായ രാജീവൻ ഗ്രാമത്തിന്റെ പച്ചപ്പ് നിലനിര്‍ത്താൻ മുന്നിട്ടിറങ്ങുന്നു. ഗ്രാമത്തില്‍ ഇന്ന് തരിശ്ശായി കിടക്കുന്ന നെല്‍പാടങ്ങളില്ല. സമ്മിശ്ര കര്‍ഷകനായ രാജീവന്റെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതൊരു കര്‍ഷകനെയും കൃഷിരംഗത്ത് നിലയുറപ്പിക്കാനുതകുന്ന വിധത്തിലുള്ള ബോധവത്കരണമാണ് നല്‍കുക.
ആട്, പശു, കോഴി എന്നിവ വളര്‍ത്തുന്നതിന് പുറമെ വിവിധ ഇനം പച്ചക്കറികളും കൃഷി ചെയ്യുന്നു. ഔഷധഗുണമുള്ള നെല്‍കൃഷിയാണ് പ്രധാന കൃഷി. കൊളത്തൂരിലെ കുറുന്താര്‍ പാടത്തിന്റെ ഹരിതശോഭ തന്നെ രാജീവന്റെ കൃഷിയിടമാണ്. കപ്പയും കൂര്‍ക്കയും ചേമ്ബും ചേനയും ഇടവിളകൃഷിയായുണ്ട്.
നേന്ത്രവാഴ, ഞാലിപ്പൂവൻ, കദളി, പൂജകദളി, വെണ്ണിര്‍ കുന്നൻ, തൈത്രാണി, മൈസൂരി, ചെങ്കദളി, പൂവൻ, മല മന്നൻ, റോബസ്റ്റ് എന്നിങ്ങനെ വിവിധയിനം വാഴകളും കൃഷി ചെയ്യുന്നു. റിട്ട. സ്കൂള്‍ ജീവനക്കാരനായ രാജീവന്റെ ഭാര്യ സിന്ധുവും സഹായത്തിനുണ്ട്.