നിതിന്‍ ഗഡ്കരിക്ക് ഫോണിലൂടെ ഭീഷണി.

0
57

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍ വന്ന ഭീഷണി കോളുകള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎ സംഘം നാഗ്പൂരിലെത്തി. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണ് ഭീഷണി കോളിന് പിന്നിലെ പ്രധാന പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി 14ന് ആണ് നാഗ്പൂരിലെ ഗഡ്കരിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ കാന്ത എന്ന ജയേഷ് പൂജാരിയുടെ ഭീഷണി കോള്‍ എത്തിയത്.

ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് പറഞ്ഞ് ഗഡ്കരിയോട് ആദ്യ ഭീഷണി കോളില്‍ 100 കോടി രൂപ ഇയാള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 21 ന് 10 കോടി രൂപ ആവശ്യപ്പെട്ട് ഇയാള്‍ രണ്ടാമതും വിളിച്ചു. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ക്ക് ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നിന്ന് ആയുധപരിശീലനം നേടിയിട്ടുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് യുഎപിഎ പ്രയോഗിച്ചതോടെ മാര്‍ച്ച് 28 ന് പ്രതിയെ നാഗ്പൂരിലേക്ക് കൊണ്ടുവന്നു. ജയിലിലാണെങ്കിലും ഈ മാസം മൂന്നാമത്തെ ഭീഷണി കോളും ലഭിച്ചു. ‘ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലുള്ള എന്‍ഐഎ സംഘം നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ദന്തോളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസ് ഫയലുകള്‍ എന്‍ഐഎ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here