പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ഓഗസ്‌റ്റ് 11 വരെ തുടരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. എല്ലാ പാർട്ടികളിൽ നിന്നും ഉൽപ്പാദനക്ഷമമായ ചർച്ചകൾ വേണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. “പാർലമെന്റ് മൺസൂൺ സെഷൻ, 2023 ജൂലൈ 20 മുതൽ ഓഗസ്‌റ്റ് 11 വരെ തുടരും. മൺസൂൺ സമ്മേളനത്തിൽ സഭാ കാര്യങ്ങളിലും മറ്റ് ഇനങ്ങളിലും ഉൽപാദനപരമായ ചർച്ചകൾക്ക് സംഭാവന നൽകാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു” അദ്ദേഹം പറഞ്ഞു.
“23 ദിവസം നീണ്ടുനിൽക്കുന്ന ഈ സെഷനിൽ ആകെ 17 സിറ്റിംഗുകൾ ഉണ്ടാകും. സെഷനിൽ പാർലമെന്റിന്റെ നിയമനിർമ്മാണത്തിനും മറ്റ് കാര്യങ്ങൾക്കും ക്രിയാത്മകമായി സംഭാവന നൽകാൻ ഞാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.” ഹിന്ദിയിൽ എഴുതിയ മറ്റൊരു ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ അണിനിരക്കുന്നതിനാൽ സമ്മേളനം നിർണായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബില്ലും അവതരിപ്പിച്ചേക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ രാജ്യത്തിന്റെ ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഫണ്ടിംഗ് ഏജൻസിയായിരിക്കും നിർദ്ദിഷ്ട ഫൗണ്ടേഷൻ.