ഇടുക്കി: അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. തെറ്റായ ദിശയിലെത്തി കാറിലിടിച്ച ബസാണ് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിയില്ലെന്ന ബസ് ജീവനക്കാരുടെ അവകാശവാദത്തിനൊടുവിലാണ് നടപടി.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം പട്ടണത്തിലാണ് സംഭവം. തെറ്റായ ദിശയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് എത്തിയപ്പോഴാണ് ബസ് എതിരെ വന്ന കാറിൽ ഇടിച്ചത്. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ വേണമെങ്കിൽ പോയി കേസ് കൊടുക്കൂവെന്നാണ് ബസ് ജീവനക്കാർ പറഞ്ഞത്.
ഇതോടെ ബസ് ജീവനക്കാരും കാർ യാത്രികയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ഇത് സർക്കാർ ബസാണെന്നും കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിയില്ലെന്നും ബസ് ജീവനക്കാർ അവകാശവാദം മുഴക്കി. ഇതോടെ നാട്ടുകാരും പ്രശ്നത്തിൽ ഇടപെട്ടു.
അതിനിടെ വിവരം അറിഞ്ഞ് നെടുങ്കണ്ടം എസ്.ഐയും സംഘവും സ്ഥലത്തെത്തി. ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെ പേരിൽ കേസെടുക്കുകയും ചെയ്തു. സ്റ്റേഷനിലേക്ക് മാറ്റിയ ബസ് പിറ്റേദിവസം രാവിലെയാണ് വിട്ടുനൽകിയത്. അപകടമുണ്ടാക്കിയ ബസിൽ യാത്രക്കാർ ഇല്ലാത്തതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് നെടുങ്കണ്ടം പൊലീസ് വിശദീകരിച്ചു.