അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങിയെന്ന് സിഗ്നൽ.

0
65

ഇടുക്കി : ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൌണിൽ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റർ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്നലുകളിൽ നിന്നും വനംവകുപ്പിന് വ്യക്തമായത്. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ പ്രകാരമാണിതെന്നും ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങിയെന്നും വനംവകുപ്പ് അറിയിച്ചു. പെരിയാർ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ ആനയുള്ളത്. വനം വകുപ്പ് സംഘം നിരീക്ഷണം തുടരുകയാണ്.

അതിനിടെ, അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് ന‌ടത്തിയതായുള്ള ആരോപണവും സജീവമായി ഉയർന്നിട്ടുണ്ട്.  ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ വാട്സ് ആപ് ​ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ അഡ്മിൻ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണം. ഇതിന് പിന്നാലെ അരിക്കൊമ്പന്‍റെ പേര് പറഞ്ഞ്  വാട്വാസപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പണം പിരിച്ചുവെന്ന് കാണിച്ച് അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ പൊലീസ് കേസും  എടുത്തു. ഗ്രൂപ്പ് അഡ്മിനായ സാറാ റോബിൻ, സിറാജ് ലാൽ എന്നിവർക്കെതിരെയാണ് പരാതി.  വിദേശത്ത് നിന്നും അഞ്ച് ലക്ഷം രൂപ സമാഹരിച്ചതായി വിവരമുണ്ടെന്നും ഇനി മൂന്ന് ലക്ഷം കൂടി പിരിക്കുമെന്നുമാണ് പരാതിയുടെ ഉള്ളടക്കം.

അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലാണ് വാട്സ് ആപ് ​ഗ്രൂപ്പിലൂടെയ പണപ്പിരിവ് നടത്തിയതെന്ന് നിരവധിപ്പേർ സോഷ്യൽമീഡിയ ​ഗ്രൂപ്പുകളിൽ ആരോപിച്ചു. പ്രവാസികകൾക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിലും പണപ്പിരിവ് നടന്നുവെന്നാണ് ആരോപണം.

എന്നാൽ അരിക്കൊമ്പന്‍റെ പേര് പറഞ്ഞ് ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്നാണ് കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അ‍ഡ്മിൻ സാറാ റോബിൻ  പ്രതികരിച്ചത്. തന്നെയും തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറാ റോബിൻ പറഞ്ഞു. അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിനും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here